Saturday, April 14, 2012

കോണ്‍ഗ്രസില്‍ തുടര്‍ ചലനങ്ങള്‍

മന്ത്രി ആര്യാടന്‍  രാജി ഭീഷണി മുഴക്കി !!   സത്യപ്രതിജ്ഞാ ചടങ്ങും മന്ത്രിസഭാ യോഗവും ബഹിഷ്കരിച്ച ആര്യാടന്‍,  ആന്റണിയെ വിളിച്ചാണ് രാജിസന്നദ്ധത അറിയിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ തുടരണമെന്ന് ആര്യാടനോട് ആന്റണി ആവശ്യപ്പെട്ടുപോലും. അഞ്ചാംമന്ത്രി പ്രശ്നത്തിലും വകുപ്പുമാറ്റത്തിലും കലാപക്കൊടിയുയര്‍ത്തി കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും യുഡിഎഫ് നേതാക്കളും പരസ്യമായി രംഗത്തുവന്നതോടെ മുഖ്യമന്ത്രിയുടെ സ്ഥിതിയും  പരുങ്ങലിലായി.

ലീഗിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരനും, യുഡിഎഫിന് മുന്നറിയിപ്പുമായി മന്ത്രി ഷിബുബേബി ജോണും വന്നതോടെ രംഗം കൊഴുത്തു.  അഞ്ചാംമന്ത്രിയെ ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി കെ ബാബു പതുക്കെ പറഞ്ഞു.   പക്ഷെ മുസ്ലിംലീഗിന് അഞ്ചാംമന്ത്രിക്ക് അവകാശമില്ലെന്ന് പി ജെ കുര്യന്‍ എംപി തുറന്നടിച്ചു.

ഇതിനിടെ, രാജ്യസഭാ സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും കടിപിടി  തുടങ്ങി.  മന്ത്രി ഗണേശനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിച്ചതായി പിള്ള ഗ്രൂപ്പ്.   കെപിസിസിയെ അറിയിക്കാതെ മന്ത്രിമാരുടെ വകുപ്പുമാറ്റം നടത്തിയതില്‍ പ്രതിഷേധിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ നീക്കം ശക്തമാക്കി. വകുപ്പുമാറ്റത്തില്‍ തന്നെ ഇരുട്ടില്‍നിര്‍ത്തിയതില്‍ എഐസിസിയെ പ്രതിഷേധം അറിയിച്ച കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയുമായി തീര്‍ത്തും അകല്‍ച്ചയിലാണിപ്പോള്‍.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവകുപ്പ് നല്‍കിയതിലും ചെന്നിത്തല ക്ഷുഭിതനാണ്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ച രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി ജോസഫും മാണിയും തമ്മിലുണ്ടായ തര്‍ക്കം കൂനിന്മേല്‍ കുരുവായി. ജോയി എബ്രഹാം ആയിരിക്കും സ്ഥാനാര്‍ഥിയെന്നാണ് മാണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആര്‍ക്ക് സീറ്റ് നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തിരിച്ചടിച്ച മന്ത്രി ജോസഫ്,  ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടി അവകാശം ഉന്നയിച്ചു.   ജോസഫിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ചീഫ് വിപ്പ് പി സി ജോര്‍ജ്, ജോസഫിന്റെ അവകാശവാദം പുശ്ചിച്ചു തള്ളി.

അഞ്ചാംമന്ത്രിയെ കിട്ടിയതിന്റെ പേരില്‍ ലീഗ് കൂടുതല്‍ അഹങ്കരിക്കരുതെന്നാണ് കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്. മന്ത്രിയെ നല്‍കിയതിനെതിരെ തിങ്കളാഴ്ച എഐസിസിക്ക് പരാതി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.  2004ലെയും 2006ലെയും അനുഭവം മറക്കരുതെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

പിറവം തെരഞ്ഞെടുപ്പു വിജയം വിനയായി മാറിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഷിബു ബേബിജോണ്‍ പറഞ്ഞത്.  പിറവം വിജയത്തോടെ യുഡിഎഫ് നേതാക്കള്‍ അഹങ്കാരികളായി മാറിയെന്നും അദ്ദേഹം സ്വയം വിമര്‍ശനം നടത്തി.    കഷ്ടം !

താന്‍ രാജിക്കൊരുങ്ങിയെന്നത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു.  ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയത് ആത്മഹത്യാപരമാണെന്ന നിലപാടില്‍ മാറ്റമില്ല.  ആര് ജാഥ നടത്തിയാലും തനിക്ക് പറയാനുള്ളത് പറയുമെന്നും ആര്യാടന്‍ പ്രഖ്യാപിച്ചു.  മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എറ്റെടുക്കുന്നതായി  ഉമ്മന്‍ചാണ്ടി.   എന്തെല്ലാം ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കണം.  പാവം മുഖ്യന്‍.   എങ്ങനെ കഴിഞ്ഞതാ !!


1 comment:

  1. മുസ്ലിം ലീഗിനു തലയില്‍ കെട്ടാന്‍ തോളത്തിടുന്ന തോര്‍ത്തു കൊടുക്കാന്‍ തീരുമാനിച്ച ഉമ്മച്ചന്‍ ഇരുന്നെഴുന്നേറ്റപ്പോളേക്കും നായന്മാര്‍ ഉമ്മച്ചന്റെ മുണ്ടുരിഞ്ഞ് തിറ്റുവഞ്ചൂരിന്റെ തലയില്‍ കെട്ടി.

    പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് സേവന വാരം അവസാനിക്കുന്ന ദിവസം സംഘടിപ്പിക്കുന കളികളില്‍ "വാലുപറിക്കല്‍" എന്നൊരു കളി ഉണ്ടാകുമായിരുന്നു. മൈതാനത്ത് വരച്ച ഒരു വലിയ വൃത്തത്തിനുള്ളില്‍ തോര്‍ത്തുകൊണ്ട് വാലുകെട്ടിയ കുട്ടികളെല്ലാം കയറിനില്‍ക്കും ഒരു അദ്ധ്യാപകന്‍ കിണ്ണത്തില്‍ തട്ടി ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങും അപ്പോള്‍ കളിക്കാര്‍ സ്വന്തം വാല്‍ നഷ്ടപ്പെടുത്താതെ മറ്റുള്ളവരുടെ വാല്‍ പറിച്ചെടുക്കണം, കിണ്ണത്തില്‍ തട്ടുന്നത് നിര്‍ത്തുമ്പോള്‍ വാലു നഷ്ടപ്പെട്ടവരെല്ലാം പുറത്ത്. അങ്ങനെ ഏറ്റവും അവസാനം വരെ വാലുനിലനിര്‍ത്തുന്നവന്‍ വിജയി.


    ഏതാണ്ട് "വാലുപറിക്കല്‍" മത്സരം പോലെയുണ്ട് യൂഡിയെഫിന്റെ പുതിയ മന്ത്രിസഭാ വികസനം. മത ജാതി സംഘടനകള്‍ കളിയില്‍ ജയിച്ചപ്പോള്‍ വാലു നഷ്ടപ്പെട്ടത് കോണ്‍ഗ്രസിനും, മതനിരപേക്ഷ കേരളത്തിനും.

    ReplyDelete