Monday, October 3, 2011

ഉമ്മന്‍ചാണ്ടിയുടെ സത്യപ്രതിജ്ഞാലംഘനം

 ഉമ്മന്‍ചാണ്ടിയുടെ സത്യപ്രതിജ്ഞാ ലംഘനം

ബാലകൃഷ്ണപിള്ളയെ വിട്ടയക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഗസ്ത് അഞ്ചിന് ഇറക്കിയ പ്രത്യേക ഉത്തരവ് അധികാര ദുര്‍വിനിയോഗമാണ്.  സുപ്രീംകോടതി പിള്ളയ്ക്ക് കഠിന തടവാണ് വിധിച്ചത്.  എന്നാല്‍ , മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല.  പിള്ളയ്ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിന് അനുവദിച്ചു.  ഇതിനുപുറമെ പ്രതിക്ക് കട്ടില്‍ , കൊതുകുവല, എയര്‍ കൂളര്‍ എന്നിവ അനുവദിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. പിള്ള ജയിലില്‍  മൊബൈല്‍ഫോണില്‍നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെയും ബ്യൂറോക്രാറ്റുകളെയും നിരന്തരം വിളിച്ചിട്ടുണ്ട്.  ജയില്‍ ഉദ്യോഗസ്ഥരുടെ ഫോണുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.  

തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ പിള്ളയെ ജയിലില്‍നിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം ഭാര്യയുടെ അസുഖത്തിന്റെ പേരില്‍ അടിയന്തരമായി പരോളില്‍ പുറത്തിറങ്ങി. എന്നാല്‍ , പരോളിലിറങ്ങിയ പിള്ള വീട്ടില്‍ "അസുഖ"മുള്ള ഭാര്യയുടെ സാന്നിധ്യത്തില്‍ സദ്യ കഴിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ശിക്ഷാ കാലാവധിയില്‍ അധികദിവസവും പിള്ളയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത് ആഭ്യന്തര, ജയില്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിന്റെ ഫലമായാണ്.

ചികിത്സയുടെ പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പിള്ളയ്ക്ക് സുഖചികിത്സ മാത്രമാണ് നടത്തുന്നത്. പിള്ളയെ പുറത്തിറക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.  ജയിലില്‍നിന്ന് പുറത്തിറക്കുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ്, കോടതിയലക്ഷ്യത്തിനും അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള നിയമനടപടിക്കും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.  

പിള്ളയുടെ കാര്യത്തില്‍ ,  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.

പിള്ള ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ , രോഷം മൂത്ത് സുപ്രീംകോടതി വിധിയ്ക്കെതിരെ അട്ടഹസിച്ച എം.പിമാരും ജനപ്രതിനിധികളുമുണ്ടായിരുന്നു. അവരുടെ അവഹേളനത്തിന്റെ തുടര്‍ച്ചയാണ്  ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചത്. 

ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കാട്ടുന്ന അമിതമായ താല്പര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല.  നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നതാണ് ജനാധിപത്യത്തിന്റെ   അടിസ്ഥാന പ്രമാണം.   മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ അടിസ്ഥാന തത്വം പാലിക്കാന്‍  ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല.  

ഭീതിയും പ്രീതിയും പിള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ ബാധിച്ചു.  അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി പിള്ളയ്ക്ക് അദ്ദേഹം പരോള്‍ അനുവദിച്ചു.  ഏറ്റവുമൊടുവില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു.  നഗ്നമായ രാഷ്ട്രീയ പക്ഷപാതമാണ് ഇത്.  സുപ്രീംകോടതിയുടെ വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുന്നതില്‍ നിന്നും തടവുപുള്ളിയെ രക്ഷപ്പെടുത്തുന്നതിന് എല്ലാ ഔദ്യോഗിക സഹായങ്ങളും മുഖ്യമന്ത്രി ചെയ്തു കൊടുത്തു.  പരോളില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍പോയി ആതിഥ്യം സ്വീകരിക്കാനും അദ്ദേഹവുമായി സ്വകാര്യസംഭാഷണം നടത്താനും കേരളത്തിന്റെ സംസ്ഥാനമുഖ്യമന്ത്രി തയ്യാറായത് വിധിയോടുള്ള അവഹേളനമാണ്.  സുപ്രിംകോടതിയെ അപമാനിക്കല്‍ ആണ്.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ്.  നിയമപരവും ധാര്‍മ്മികവുമാണ് ഈ ബാധ്യത.  അത് നിറവേറ്റാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ , പിള്ളയുടെ കാര്യത്തില്‍ , സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ അമാന്തം വരുത്താനും വിധിയുടെ അന്തഃസത്ത ചോര്‍ത്തി ശിക്ഷനടപ്പാക്കല്‍ വെറും പ്രഹസനമാക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു.  ഇന്ത്യന്‍ ഭരണഘടനയേയും മുഖ്യമന്ത്രിയായപ്പോള്‍ ഈശ്വരനാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയേയും പരസ്യമായി അദ്ദേഹം ലംഘിച്ചിരിക്കുന്നു.



 

No comments:

Post a Comment