Wednesday, February 29, 2012

മധ്യതിരുവിതാംകൂര്‍ മരുഭൂമിയാകും ...


പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി നടപ്പാക്കിയാല്‍ മധ്യതിരുവിതാംകൂറും പ്രത്യേകിച്ച് കുട്ടനാടും മരുഭൂമിയാകും. മുഖ്യജലസ്രോതസ്സായ പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് കാര്‍ഷികമേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇരുനദികളെയും കിഴക്കോട്ട് തിരിച്ചുവിടുന്നത് സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി ആസൂത്രണംചെയ്യാനും നടപ്പാക്കാനുമായി ഉന്നതതലസമിതിയെയും നിയമിച്ചു. കേരളത്തിലെ പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് പദ്ധതി നദീസംയോജനപദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമുണ്ടെന്നും ഇത് ഉപയോഗശൂന്യമായി കടലില്‍ പോവുകയാണെന്നുമാണ് തമിഴ്നാടിന്റെ വാദം. അധികജലത്തിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്നതാണ് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി. ഇതിനായി കേരളത്തിന്റെ സ്ഥലത്ത് പശ്ചിമഘട്ട വനമേഖലയില്‍ മൂന്നു ഡാം പണിയും. കല്ലാര്‍ പുന്നമേട്ടിലും അച്ചന്‍കോവിലാറ്റിലെ ചിറ്റാര്‍മൂഴിയിലും അച്ചന്‍കോവിലിലുമാണ് ഡാമുകള്‍ തീര്‍ക്കുക. ജലസംഭരണികളില്‍നിന്ന് വെള്ളം കൊണ്ടുപോകാന്‍ കിലോമീറ്ററുകള്‍ നീളത്തില്‍ കൂറ്റന്‍ തുരങ്കം നിര്‍മിക്കും. ഇതിനായി വനമേഖലയില്‍ 20 ചതുരശ്ര കിലോമീറ്ററിലേറെ നിര്‍മാണ പ്രവര്‍ത്തനം വേണ്ടിവരും. പശ്ചിമഘട്ട മലനിരവഴി കനാല്‍ തീര്‍ത്ത് വെള്ളം തമിഴ്നാട്ടിലെ മേക്കര അടൈവി നൈനാര്‍കോവില്‍ അണക്കെട്ടിലെത്തിക്കുകയാണ് പദ്ധതി. ഈ ലക്ഷ്യത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തമിഴ്നാട് ഈ അണക്കെട്ട് പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നത് ഇരുനദികളിലെയും നാല്‍പ്പതിലധികം ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളെ ബാധിക്കും. ഒപ്പം ജലസേചനപദ്ധതികളെയും. ഇപ്പോള്‍ത്തന്നെ നദീതീരങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ.  നദീസംയോജനം മുന്നില്‍ക്കണ്ട് തമിഴ്നാട് 100 കോടി ചെലവില്‍ പുതിയ അണക്കെട്ടുണ്ടാക്കി. കനാല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന കേരളത്തിലെ നദികള്‍ കിഴക്കോട്ട് തിരിച്ചുവിടണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിലൂടെ സാധിച്ചിരിക്കുന്നത്........

മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കുറ്റകരമായ അലംഭാവം കാട്ടി. പദ്ധതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയെക്കൊണ്ട് വാദിച്ചപ്പോള്‍ യുഡിഎഫ് പുതിയ അഭിഭാഷകരെയാണ് കേരളത്തിനുവേണ്ടി ചുമതലപ്പെടുത്തിയത്. കേരളത്തിന്റെ വാദം തോറ്റുകൊടുക്കുന്നതിന് കരാറെടുത്തപോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ പെരുമാറുന്നത്. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ നദികള്‍ യോജിപ്പിക്കുന്നതിനെതിരെ ശക്തമായ വാദമുയര്‍ത്തിയിരുന്നു. മൂന്നു തവണ ചേര്‍ന്ന ഉന്നതതല യോഗത്തിലും മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തിരുന്നു. സുപ്രീം കോടതിയില്‍ ഹാജരായപ്പോഴും ഇപ്പോഴത്തെ ജലവിഭവ മന്ത്രി പി ജെ ജോസഫ് കേരളത്തിന്റെ ആവശ്യം ഉന്നയിക്കാന്‍ തയ്യാറായില്ല...

മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത് കേരളത്തെ വഞ്ചിച്ചപോലെ ഇക്കാര്യത്തിലും തമിഴ്നാടിന് അനുകൂലമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്.

No comments:

Post a Comment